ന്യൂഡൽഹി: മൃഗസംരക്ഷണപ്രവർത്തകർക്ക് നേരെ ഡൽഹിയിൽ അക്രമം. തെരുവുനായകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് റാണിബാഗിലെത്തിയ നെയ്ബർഹുഡ് വോൾഫ് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകരാണ് ആക്രമണത്തിനിരയായത്.

പ്രദേശത്തെ തെരുവുനായ്കളെ സഹായിക്കാനായെത്തിയ തന്നെയും സഹപ്രവർത്തകരെയും പ്രദേശവാസികൾ മർദിച്ചതായി സംഘടനയുടെ സ്ഥാപകയും മുഖ്യപ്രവർത്തകയുമായ അയേഷ ക്രിസ്റ്റിന അറിയിച്ചു. ആസാദ്പുർ പോലീസ് സ്റ്റേഷനിൽ വച്ച്‌ ഷൂട്ട് ചെയ്ത വീഡിയോയിലൂടെ തങ്ങൾ നേരിട്ട അക്രമത്തെ കുറിച്ച് അയേഷ ക്രിസ്റ്റിന വിശദീകരിച്ചു.

നായ്കളെ പിടികൂടുന്നതിനിടെ ഒരു സംഘം ആളുകൾ സമീപത്തെത്തി അപമര്യാദയായി സംസാരിച്ചതായും മർദിച്ചതായും അയേഷ വീഡിയോയിൽ പറയുന്നു. അയേഷയുടെ മുഖവും വസ്ത്രവും രക്തം പുരണ്ടതായി കാണാം. എല്ലാ ദിവസവും ഇതേ തരത്തിലുള്ള അധിക്ഷേപം നേരിടേണ്ടി വരാറുണ്ടെന്നും പ്രതിഷേധം അറിയിച്ചപ്പോഴാണ് മർദനം നേരിടേണ്ടി വന്നതെന്നും അയേഷ പറയുന്നു.

പരിക്കേറ്റ വിപിൻ, അഭിഷേക്, ദീപക് എന്നീ സഹപ്രവർത്തകരേയും വീഡിയോയിൽ അയേഷ കാണിക്കുന്നുണ്ട്. കൂടാതെ അക്രമികൾ തകർത്ത കാറും പോലീസുദ്യോഗസ്ഥർ സംസാരിക്കുന്നതും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇതൊരു പുതിയ സംഗതിയല്ലെന്നും നമ്മുടെ രാജ്യത്ത് ഇതൊരു പതിവായിത്തീർന്നിരിക്കുകയാണെന്നും അയേഷ പറയുന്നു.

ഡൽഹി വനിതാകമ്മിഷൻ ചെയർപേഴ്സൺ സ്വാതി മലിവാൽ ഉൾപ്പെടെ നിരവധി പേർ സംഭവത്തെ കുറിച്ച് പ്രതികരിച്ചു. മിണ്ടാപ്രാണികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പെൺകുട്ടിയെ നിഷ്ഠൂരമായി മർദിച്ചത് തികച്ചും അപമാനകരമാണെന്ന് സ്വാതി മലിവാൽ അഭിപ്രായപ്പെട്ടു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യൻ ക്രിമിനൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. അയേഷയോടും സംഘത്തോടും പ്രദേശവാസികൾ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടത് തർക്കത്തിൽ കലാശിക്കുകയായിരുന്നുവെന്നും പ്രവർത്തകർ കാറിൽ കയറി പോകുന്നതിനിടെ മൂന്ന് പേരെ ഇടിക്കുകയും നിസാരപരിക്കേൽക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.