ഫോട്ടോ: AFP
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മഹാനഗരമായ മുംബൈയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച 15,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഡിസംബര്‍ 28ന് ശേഷമുള്ള വര്‍ധവ് 30മടങ്ങാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവില്ല. നിലവില്‍ 1091 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.
മഹാനഗരമായ മുംബൈയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 20,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ് മുംബൈയില്‍. 500 കെട്ടിടങ്ങള്‍ നഗരത്തില്‍ സീല്‍ ചെയ്തു. മുംബൈയിലെ പുതിയ കേസുകളില്‍ 85 ശതമാനത്തിനും ലക്ഷണങ്ങളുണ്ടായിരുന്നില്ല.
1170 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 106 പേര്‍ക്ക് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നു. ഒമിക്രോണ്‍ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് സംസ്ഥാനത്തും മുംബൈ നഗരത്തിലും കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം കേസുകള്‍ കൂടുമെന്നത് മുന്‍കൂട്ടിക്കണ്ട് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരേയാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
Content Highlights: delhi and mumbai records massive spike in covid cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..