ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയൽസംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതുമാണ് മലിനീകരണതോത് ഉയരാൻ കാരണമായത്.

വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇത് ഗുരുതരമായ വിഭാഗത്തിലാണ്. കഴിഞ്ഞദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഉയർന്നത്.

നഗരത്തിലെ വായു മലിനീകരണത്തിൽ 32 ശതമാനവും വൈക്കോൽ കത്തിക്കുന്നത് മൂലമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണ്ടെത്തൽ. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും പിഎം(പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരണതോത് 400 കടന്നു. ഒട്ടേറെ മേഖലകളിൽ ഇത് 500-ന് അടുത്താണ്. പലയിടത്തും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും കാഴ്ച മറഞ്ഞതായും ജനങ്ങൾ പറഞ്ഞു. ശാന്തമായ കാറ്റ് വീശുന്നത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.

കഴിഞ്ഞവർഷം ദീപാവലി ദിനത്തിൽ 337 ആയിരുന്നു ഡൽഹിയിലെ വായു ഗുണനിലവാര സൂചിക. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ മലിനീകരണതോത് ഉയർന്നിരുന്നു. മലിനീകരണം കുറയ്ക്കാനായി ഇത്തവണ ഡൽഹിയിലും സമീപപ്രദേശങ്ങളിലും നവംബർ 30 വരെ ദേശീയ ഹരിത ട്രിബ്യൂണൽ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.

Content Highlights:delhi air quality on diwali day