ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പൊടിപടലത്തെ തുടര്‍ന്ന് അന്തരീക്ഷ ഗുണ നിലവാര സൂചികയില്‍ അപകടനില രേഖപ്പെടുത്തി. പൊടിക്കാറ്റില്‍ ഉത്തര്‍പ്രദേശില്‍ പത്തു പേര്‍ മരിച്ചു. അന്തരീക്ഷ ഗുണ നിലവാരം 500ന് മുകളില്‍  രേഖപ്പെടുത്തി. രാജസ്ഥാനില്‍ നിന്നും വീശിയ ചൂട് കലര്‍ന്ന പൊടി കാറ്റാണ് രാജ്യ തലസ്ഥാനത്തെ പൊടിപടലത്തിന് കാരമമെന്ന നിരീക്ഷണത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

പര്‍ട്ടിക്കുലേറ്റര്‍ മാറ്റര്‍ 10ന്റെ അളവ് വായുവില്‍ കൂടുതലായി. പലര്‍ക്കും ശ്വാസ തടസ്സവും കണ്ണ് എരിച്ചിലും അനുഭവപ്പട്ടു. പൊടിപടലം വാഹന യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്. റോഡില്‍ എതിരെ വരുന്ന വാഹനം പോലും വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ്.  സുപ്രീം കോടതി നിയമിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി  അടിയന്തര ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു.

ഡല്‍ഹിയിലെയും എന്‍.സി.ആര്‍ പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിന്മാരോട് വെള്ളം തെളിച്ച് പൊടി പടലത്തെ നേരിടാനാണ് അതോറിറ്റി നിര്‍ദേശിച്ചത്. അടുത്ത മൂന്ന് ദിവസം കൂടി പൊടിപടലം തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കി.