അലഹാബാദ് ഹൈക്കോടതി | Photo: PTI
അലഹാബാദ്: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും കൂടിച്ചേരലുകളും നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി അഭ്യര്‍ഥിച്ചു. മറ്റൊരു കേസ് പരിഗണിച്ചു കൊണ്ടിരിക്കെ ആയിരുന്നു ജസ്റ്റിസ് ശേഖർ യാദവിന്റെ പരാമർശം.
റാലികൾ നിരോധിച്ചില്ലെങ്കിൽ രാജ്യത്തെ കോവിഡ് സ്ഥിതി രണ്ടാം തരംഗത്തേക്കാൾ രൂക്ഷമാകും. ജീവനുണ്ടെങ്കിലേ ലോകം ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. കോടതിയിൽ നിരവധി കേസുകൾക്ക് വേണ്ടി ദിവസവും എത്തുന്ന ആൾക്കൂട്ടത്തിന്റേയും സാമൂഹിക അകലം പാലിക്കാത്തതിന്റേയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ശേഖറിന്റെ പരാമർശം.
പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും ഇത് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും കൂടിച്ചേരലുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിക്കണമെന്നും പ്രചാരണത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
Content Highlights: Delay UP Elections, Ban Rallies: Court Urges Poll Body, PM Over Omicron
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..