കേരളത്തിലെ പിന്നാക്ക സംവരണക്കാരുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജി


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് 

മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാന്‍ ആണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Photo: Mathrubhumi

ന്യൂഡല്‍ഹി: കേരളത്തിലെ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.

മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാന്‍ ആണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംവരണ പട്ടിക കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണമെന്നും പിന്നാക്ക അവസ്ഥയില്‍നിന്ന് മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉള്‍പെടുത്തണമെന്നും ഇന്ദിര സാഹ്നി കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിര്‍ദേശം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം നടത്തി പട്ടിക പുതുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.



കേരളത്തിലെ സാമൂഹിക സാമ്പത്തിക പിന്നാക്ക അവസ്ഥയില്‍ ഉള്ള വിഭാഗങ്ങളെ കണ്ടെത്തുന്നതിന് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോടാണ്‌ ഹൈക്കോടതി നിര്‍ദേശിച്ചത്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യത്തിന് അര്‍ഹരായ വിഭാഗങ്ങളുടെ പട്ടിക സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനോടും, കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ ഈ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്ന് ആയിരുന്നു 2020 സെപ്റ്റംബറില്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ പഠനം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ സമയം അനുവദിച്ചു. എന്നാല്‍ ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെന്‍സസ് നടത്താന്‍ ഇത് വരെയും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ആണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംവരണ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങളിലെ മുന്നാക്കക്കാരെ അനുവദിക്കുന്നതാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടി എന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ കൂടുതല്‍ പിന്നാക്ക അവസ്ഥയിലേക്ക് തള്ളപ്പെടുകയാണെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണമെങ്കില്‍ ഓരോ വിഭാഗങ്ങളുടെയും ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 2011-ന് ശേഷം രാജ്യത്ത് സെന്‍സസ് നടക്കാത്തതിനാല്‍ ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമല്ല. അതിനാലാണ്‌ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം വൈകുന്നതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: delay in re-examination of reserved categories Contempt petition against Center and Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented