ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ വിദേശത്ത് അച്ചടിച്ച വ്യാജകറന്‍സികള്‍ മാറ്റിയെടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

നോട്ടുനിരോധനത്തിനു മുന്‍പോ നിരോധന കാലയളവിലോ അതിനു ശേഷമോ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനവും നോട്ടുകള്‍ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.

ബേലാപുരിലെ ആര്‍.ബി.ഐ. ഓഫീസ് വഴി 20,000 കോടി രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കിയെന്നു വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങള്‍ ചൊവ്വാഴ്ചയാണ് പത്രസമ്മേളനത്തില്‍ കപില്‍ സിബല്‍ പുറത്തുവിട്ടത്. കറന്‍സി ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ റോ ഉദ്യോഗസ്ഥന്‍ രാഹുല്‍ റാത്തരേക്കര്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തിയ വിവരങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ രാഹുലിന്റെ തിരിച്ചറിയല്‍ കാര്‍ഡും കപില്‍ സിബല്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. വിദേശത്ത് അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ മൂന്നു സിരീസിലുള്ള നോട്ടുകള്‍ വ്യോമസേനാവിമാനത്തില്‍ ഹിന്‍ഡണ്‍ വ്യോമസേനാതാവളത്തില്‍ എത്തിച്ചുവെന്നും വീഡിയോയില്‍ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.

അമിത് ഷായുടെ മകന്‍ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരില്‍നിന്ന് നൂറുകോടി രൂപയുടെ പഴയ കറന്‍സി സ്വീകരിച്ച ശേഷം അത്രയും തുക ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്‌തെന്നു ബാങ്ക് മേധാവി സഞ്ജയ് ഷാനെ വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിരുന്നു.

Content Highlights: defence ministry, IAF aircraft, currency note transportation, demonetisation