ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച 118 അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി പ്രതിരോധ മന്ത്രാലയം. 7523 കോടി രൂപ മുടക്കിയാണ് ടാങ്കുകള്‍ കരസേനയുടെ ഭാഗമാകുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 33000 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാന്‍ പുതിയ ടാങ്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്. 

നിലവില്‍ കരസേനയുടെ ഭാഗമായ അര്‍ജുന്‍ എംകെ-1 മെയിന്‍ ബാറ്റില്‍ ടാങ്കിന്റെ (എംടിബി) പരിഷ്‌കരിച്ച പതിപ്പാണ് അര്‍ജുന്‍ എംകെ-1എ ടാങ്കര്‍. മുന്‍ മോഡലില്‍ നിന്ന് പ്രധാനപ്പെട്ട 14 മാറ്റങ്ങള്‍ ഉള്‍പ്പെടെ 72 നവീകരണങ്ങളോടെയാണ് ടാങ്ക്‌ നിര്‍മിച്ചത്. യുദ്ധമുഖത്ത് ടാങ്കിന്റെ പ്രവര്‍ത്തന ശേഷിയും ചലനശേഷിയും ഈടും കരുത്തും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നതാണ് പുതിയ നവീകരണങ്ങള്‍. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൃത്യമായ ലക്ഷ്യഭേദകം സാധ്യമാകുന്നതാണ് ടാങ്കിന്റെ പുതിയ പതിപ്പ്. ഒപ്പം ഏതുപ്രതലത്തിലും ഉപയോഗിക്കാനാവുമെന്ന മെച്ചവുമുണ്ട്.

ചലിക്കുന്ന പ്രതലത്തിലും അല്ലാതെയും പ്രവര്‍ത്തനക്ഷമതയ്ക്ക് ഭംഗമില്ലാതെ ഉപയോഗിക്കാനാവുന്നതാണ് അര്‍ജുന്‍ ടാങ്കിന്റെ പുതിയ മാതൃക. വെടിയുതിര്‍ക്കാനുള്ള ശേഷിയും ചലനവേഗവും അതിജീവനശക്തിയും കൂടിയ അര്‍ജുന്‍ ടാങ്കുകളുടെ നൂതന വകഭേദമാണിവ. ഓട്ടോ ടാര്‍ഗറ്റ് ട്രാക്കര്‍, റിമോട്ട് കണ്‍ട്രോള്‍ഡ് വെപ്പണ്‍ സിസ്റ്റം, എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആര്‍മര്‍, അഡ്വാന്‍സ്ഡ് ലേസര്‍ വാര്‍ണിങ് കൗണ്ടര്‍മെഷര്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ലാന്‍ഡ് നാവിഗേഷന്‍ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷന്‍ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ടാങ്കറിലുണ്ട്.

ഓര്‍ഡല്‍ നല്‍കിയവയില്‍ അഞ്ച് അര്‍ജുന്‍ എംകെ-1എ ടാങ്കുകള്‍ 30 മാസത്തിനുള്ളില്‍ കരസേനയ്ക്ക് ലഭ്യമാകും. തുടര്‍ന്ന് വര്‍ഷംതോറും 30 വീതം ടാങ്കുകളും സൈന്യത്തിന്റെ ഭാഗമാകും. നിലവില്‍ ടി-90, ടി-72, അര്‍ജുന്‍ എംകെ-1 എന്നീ ടാങ്കുകളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളത്. 

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കേന്ദ്രമാണ് (സിവിആര്‍ഡിഇ) ടാങ്ക് രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും. പുതിയ ടാങ്കിന്റെ പ്രോട്ടോടെപ്പ് ഈ വര്‍ഷം ഫെബ്രുവരിയില്‍ കരസേന മേധാവി നര്‍വാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവയുടെ നിര്‍മാണം ശക്തിപ്പെടുത്തിയത്. 

content highlights: Defence Ministry places order for 118 battle tanks Arjun Mk-1A for Army