ഐഎൻഎസ് വിരാട് | Photo: PTI
ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്വകാര്യകമ്പനിയ്ക്ക് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഗോവ സര്‍ക്കാരിന്റെ സഹായത്തോടെ വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാന്‍ താത്പര്യമുള്ള എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തില്‍ വരുന്ന ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
നാവിക സേന ഡികമ്മിഷന്‍ ചെയ്ത വിരാടിനെ ഏറ്റടുക്കാന്‍ അനുമതി തേടി ബോംബെ ഹൈക്കോടതിയ്ക്ക് മുമ്പാകെ കമ്പനി നല്‍കിയ അപേക്ഷയില്‍ എന്‍ഒസി നല്‍കാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. നാവികസേന ഡികമ്മിഷന്‍ ചെയ്യുന്ന കപ്പലുകള്‍ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന് വിരാട് കൈമാറുന്നതില്‍ താത്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായും പ്രതിരോധവകുപ്പ് വ്യക്തമാക്കി.
വിരാടിനെ കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേല്‍ സെപ്റ്റംബറില്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. താനൊരു ദേശഭക്തനായതിനാല്‍ വില 125 കോടിയില്‍ നിന്ന് 100 കോടിയാക്കിയതായും സര്‍ക്കാരില്‍ നിന്ന് എന്‍ഒസിയുമായി വന്നാല്‍ വിരാട് കൈമാറാമെന്നും മുകേഷ് പട്ടേല്‍ പറഞ്ഞിരുന്നു.
എന്‍ഒസി ഇല്ലാതെ നിലവിലെ ഉടമ വിരാടിനെ കൈമാറില്ലെന്നും സര്‍ക്കാര്‍ എന്‍ഒസി നല്‍കില്ലെന്നുമുള്ളത് നിര്‍ഭാഗ്യകരമാണെന്ന് എന്‍വിടെക്കിന്റെ മാനേജിങ് പാര്‍ട്‌നറായ രുപാലി ശര്‍മ പറഞ്ഞു. കപ്പല്‍ പൊളിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും രൂപാലി ശര്‍മ കൂട്ടിച്ചേര്‍ത്തു.
Content Highlights: Defence Ministry Formally Rejects Plan To Save Aircraft Carrier Viraat From Shipbreakers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..