പ്രതീകാത്മകചിത്രം| Photo: AFP
ന്യൂഡല്‍ഹി: കരുത്തുകൂട്ടാന്‍ ഇന്ത്യന്‍ നാവികസേന. പ്രോജക്ട് 75-ഇന്ത്യ(പി-75I) പദ്ധതിക്കു കീഴില്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.
പദ്ധതിക്ക് 50,000 കോടിരൂപ ചെലവാകുമെന്നാണ് കരുതുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാതാക്കളായ മസഗൊണ്‍ ഡോക്ക്‌സ് ലിമിറ്റഡ്(എം.ഡി.എല്‍.), സ്വകാര്യ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നിവര്‍ക്ക് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍.ഇ.പി. നല്‍കാനാണ് ഡി.എ.സി. അനുമതി നല്‍കിയിരിക്കുന്നത്.
സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് അഥവാ എസ്.പി. മോഡലിനു കീഴില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75(I). അന്തര്‍വാഹിനികളുടെ തദ്ദേശ രൂപകല്‍പനയും നിര്‍മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് എസ്.പി. മോഡല്‍. നേരത്തെ 111 നേവല്‍ യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍(എന്‍.യു.എച്ച്.) സേനയിലേക്ക് എസ്.പി. മോഡല്‍ വഴി കൂട്ടിച്ചേര്‍ത്തിരുന്നു.
റഷ്യയുടെ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട്, ഫ്രാന്‍സിന്റെ ഡി.സി.എന്‍.എസ്, ടി.എം.എസ്., സ്‌പെയിന്റെ നവാന്‍ഷ്യ, ദക്ഷിണ കൊറിയയുടെ ദേയ്‌വൂ എന്നീ കപ്പല്‍നിര്‍മാണ ശാലകളുമായി സംയുക്തമായാണ് എം.ഡി.എല്ലും എല്‍.ആന്‍ഡ് ടിയും ടെന്‍ഡര്‍ സമര്‍പ്പിക്കുക. പ്രോജക്ട് 75-ന്റെ കീഴില്‍ നിലവില്‍ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എം.ഡി.എല്‍. നിര്‍മിക്കുന്നുണ്ട്.
2019 ജൂണ്‍ 20-നാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള താല്‍പര്യപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഇവ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കുന്നതിന് എസ്.പി. മോഡലിന് കീഴില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി 2019 ജനുവരിയില്‍ ഡി.എ.സി. നല്‍കുകയും ചെയ്തു.
content highlights: defence ministry clears 50,000 crore tender for six submarines
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..