ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലിനെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. താനും ഒരു കര്‍ഷകനാണ്. സര്‍ക്കാര്‍ കര്‍ഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യസഭയില്‍ ഇന്നുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗര്‍ഭാഗ്യകരവും അപമാനകരവുമാണ്. ചര്‍ച്ചകള്‍ തുടങ്ങുകയെന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ കടമയാണ്. അതുപോലെ സഭയില്‍ അച്ചടക്കം പാലിക്കേണ്ടത് പ്രതിപക്ഷത്തിന്റേയും ധര്‍മമാണ്. തന്റെ അറിവില്‍ ഇതുപോലൊരു സംഭവം ലോക്‌സഭയുടേതോ രാജ്യസഭയുടേതോ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ലമെന്റിന്റെ അച്ചടക്കത്തിന് എതിരാണ് ഇന്നുണ്ടായ സംഭവങ്ങള്‍.
പ്രതിപക്ഷം രാജ്യസഭാ ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നു. ചെയര്‍മാന്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. അത് ചെയര്‍മാന്റെ പ്രത്യേകാധികാരമാണ്. അതിനെക്കുറിച്ച് തനിക്ക് രാഷ്ട്രീയപരമായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലിലൂടെ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത്തിന് ശക്തമായ അടിത്തറ പാകിയെന്ന് രാജ്‌നാഥ് സിങ് നേരത്തേ പ്രതികരിച്ചിരുന്നു. കാര്‍ഷിക മേഖലയുടെ വികസനവും വളര്‍ച്ചയും എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Defence Minister Rajnath Singh on Farm Bills