ന്യൂഡല്‍ഹി: വ്യോമസേന പാകിസ്താനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ പടരുന്നതിനിടെ വിഷയത്തില്‍ ആദ്യമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് പ്രതികരിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാരിന്റെ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ കുറിപ്പിലൂടെ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം.
ബാലാകോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബലാക്കോട്ടിലെ ആക്രമണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഭീകര കേന്ദ്രങ്ങളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം. വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 26ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വലിയ അളവില്‍ ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.
ബാലാകോട്ട് വ്യോമാക്രണത്തില്‍ 250 ഭീകരവാദികള്‍ കൊല്ലപ്പെട്ടന്നായിരുന്നു നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം.
content highlights: Defence Minister Nirmala Sitharaman Breaks Silence On Balakot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..