സുപ്രീംകോടതി, തോമസ് ഐസക് | Photo: PTI, Mathrubhumi
ന്യൂഡൽഹി: ലോട്ടറി കച്ചവടക്കാരൻ സാന്റിയാഗോ മാർട്ടിൻ ഫയൽ ചെയ്ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക് സുപ്രീം കോടതിയെ സമീപിച്ചു. ഗാങ്ടോക് കോടതിയിലുള്ള കേസാണ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസക് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ തോമസ് ഐസക് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങൾ അപകീർത്തികരമാണെന്ന് ആരോപിച്ചാണ് സാന്റിയാഗോ മാർട്ടിൻ സിവിൽ മാനനഷ്ട കേസ് ഫയൽ ചെയ്‌തത്. ഗാങ്ടോക് കോടതിയിൽ ഫയൽ ചെയ്ത ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്നാണ് ഐസക് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപെട്ടിരുക്കുന്നത്.
എഴുപത് വയസ് കഴിഞ്ഞെന്നും കേസ് നടത്തിപ്പിനായി 3,000-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് ഗാങ്ടോക്കിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഹർജിയിൽ ഐസക് ചൂണ്ടിക്കാട്ടുന്നു. സിവിൽ മാനനഷ്ട കേസിൽ മാർട്ടിൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് കേരളം നടത്തും
തോമസ് ഐസക് ആണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽചെയ്തതെങ്കിലും കേസ് സർക്കാർ നടത്തുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. സംസ്ഥാന ധനകാര്യ മന്ത്രിയായിയിരുന്ന കാലയളവിലാണ് ഐസക് ഈ പ്രസ്താവന നടത്തിയത്. സർക്കാരിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനം സംബന്ധിച്ച കേസ് ആയതിനാൽ സർക്കാരിന് കേസ് നടത്താമെന്നാണ് ലഭിച്ച നിയമോപദേശം. മുൻ സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശാണ് ഐസക്കിന്റെ ഹർജി ഫയൽ ചെയ്തത്. പ്രകാശിനെ കേസ് നടത്താൻ ചുമതലപെടുന്ന ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കും.
Content Highlights: Defamation case of Santiago Martin should be transferred to Kerala asks Thomas Isaac
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..