പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിൻ റാവത്തിനൊപ്പം (ഫയൽ) |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ബിപിന്‍ റാവത്തിനേയും ഭാര്യയേയും മറ്റു സൈനികരേയും നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ ജാഗ്രതയോടെയും ശുഷ്കാന്തിയോടെയും രാജ്യത്തെ സേവിച്ചവരായിരുന്നു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നുവെന്നും പ്രധാമന്ത്രി വ്യക്തമാക്കി.
'ജനറല്‍ ബിപിന്‍ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാര്‍ത്ഥ ദേശസ്നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം സംഭാവന നല്കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു.
ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയില്‍, പ്രതിരോധ പരിഷ്കരണങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളില് ജനറല്‍ റാവത്ത് പ്രവര്‍ത്തിച്ചു. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതിന്റെ സമ്പന്നമായ അനുഭവം അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗം ഞെട്ടലും വേദനയുമുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 'രാജ്യത്തിന് ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം നാല് പതിറ്റാണ്ടുകള്‍ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം', രാഷ്ട്രപതി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..