മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യും. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി 'ക്വാന്‍'ന്റെ മേധാവി ദ്രുവ് ചിട്‌ഗോപേകറിനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇവര്‍ക്കൊപ്പം സുശാന്തിന്റെ മാനേജരായ ശ്രുതി മോദി, മുന്‍ ടാലന്റ് മാനേജറായ ജയ സാഹ എന്നിവരോടും അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച നാര്‍കോട്ടിക്‌സ് ബ്യൂറോ ജയ സാഹയെ നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 

മയക്കുമരുന്ന് കേസില്‍ സെപ്തംബര്‍ 9നാണ് റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. 

സുശാന്തിന് റിയ മയക്കുമരുന്ന് എത്തിച്ചുനല്‍കിയത് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ്  സന്ദേശങ്ങള്‍ എന്‍സിബി വീണ്ടെടുത്തിരുന്നു. റിയയെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ താരങ്ങളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്. ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകള്‍ റിയ ചക്രവര്‍ത്തിയും വെളിപ്പെടുത്തിയിരുന്നു.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഇതുവരെ പന്ത്രണ്ടോളം പേരെയാണ് നാര്‍കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Deepika Padukone's Manager, Talent Agency CEO Summoned In Drugs Probe