മുംബൈ: മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നാര്‍കോട്ടിക്സ് ബ്യൂറോ സമന്‍സ് അയച്ചു. അവര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മുംബൈയിലെ വസതിയുടെ വാതിലില്‍ സമന്‍സ് പതിച്ചുവെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കഴിഞ്ഞ മാസം നാര്‍കോട്ടിക്സ് ബ്യൂറോ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു. 

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടിമാരായ രാകുല്‍ പ്രീത് സിംഗ്, ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കഴിഞ്ഞ മാസം അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തിയിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ചില വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായിരുന്നു. 

സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയ സാഹയുടെ ഫോണിലെ വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് ദീപിക പദുക്കോണിന്റെയും ശ്രദ്ധ കപൂറിന്റെയും പേരുകള്‍ കണ്ടെത്തിയത്. ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു.

നാര്‍കോട്ടിക്സ് ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരായ ദീപികാ പദുക്കോണിനെ അവര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മയക്കുമരുന്ന് കേസില്‍ നടിമാരെ പ്രതി ചേര്‍ക്കുകയോ നിരോധിച്ച വസ്തുക്കള്‍ അവരില്‍നിന്ന് കണ്ടെടുക്കുകയോ ചെയ്തിട്ടില്ല.

Content Highlights: Deepika Padukone's Manager Summoned By Narcotics Control Bureau