ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയില്‍ പ്രവേശിക്കാനുള്ള മരുമകള്‍ ദീപയുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോയസ് ഗാര്‍ഡനില്‍ നാടകീയ രംഗങ്ങള്‍. സഹോദരന്‍ ദീപക് ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നും എന്നാല്‍ പിന്നീട് തന്നെ അവര്‍ ചവിട്ടി പുറത്താക്കുകയായിരുന്നെന്നും അവര്‍ ആരോപിച്ചു. ജയലളിതയെ വധിക്കാന്‍ ശശികലയുമായി ചേര്‍ന്ന് ദീപക് ഗൂഢാലോചന നടത്തിയെന്നും ദീപ ആരോപിച്ചു.

പോയസ് ഗാര്‍ഡനില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവേശനകവാടത്തില്‍ തിരിച്ചെത്തിയ ദീപ, തുടര്‍ച്ചയായി വെള്ളം കുടിക്കുകയും ക്ഷീണിതയായി കാണപ്പെടുകയും ചെയ്തു. തന്റെ സഹോദരന്‍ വിളിച്ചിട്ടാണ് പോയസ് ഗാര്‍ഡനില്‍ വന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു- അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭര്‍ത്താവ് കെ. മാധവനൊപ്പമാണ് ദീപ ഇന്ന് പോയസ് ഗാര്‍ഡനിലെത്തിയത്. തനിച്ച് വരാന്‍ ഭയമായതിനാലാണ് ഭര്‍ത്താവിനൊപ്പം വന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ദീപയും സഹോദരനും തമ്മില്‍ പോയസ് ഗാര്‍ഡന്‍ പരിസരത്തുവെച്ച് കടുത്ത വാക്കേറ്റമുണ്ടായതായും പരസ്പരം ഉന്തും തള്ളും നടന്നതായും ചില പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ദീപയുടെ പോയസ് ഗാര്‍ഡനിലേയ്ക്കുള്ള വരവ് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി അനുയായികള്‍ ദീപ ഇന്ന് പോയസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കൂട്ടി അറിയിക്കാതെയാണ് പോയസ് ഗാര്‍ഡനിലെ വസതിയില്‍ ദീപ എത്തിയതെന്ന് എഐഎഡിഎംകെ അമ്മ പക്ഷം പറഞ്ഞ.ിരുന്നു. പൂമുഖത്ത് സ്ഥാപിച്ചിരിക്കുന്ന ജയലളിതയുടെ ചിത്രത്തില്‍ ഹാരം അര്‍പ്പിക്കണമെന്ന ദീപയുടെ ആവശ്യം അനുവദിച്ചെങ്കിലും പിന്നീട് വീടിനകത്തേക്ക് പ്രവേശിക്കണമെന്ന അവരുടെ ആവശ്യം എഐഎഡിഎംകെ അമ്മ പക്ഷം പ്രവര്‍ത്തകര്‍ നിരാകരിച്ചു.

വീട്ടില്‍ പ്രവേശനം അനുമതിക്കാന്‍ സാധിക്കില്ലെന്നും വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും അവരെ അറിയിച്ചു. എന്നാല്‍ ദീപക്ക് പിന്നാലെ സഹോദരന്‍ ദീപക്ക് സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ദീപയും സഹോദരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.