ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനമായ ജനുവരി 23 ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മമത ബാനർജി ഇക്കാര്യം ആവശ്യപ്പെട്ടത്. നേതാജിയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും മമത ബാനർജി കത്തിൽ ആവശ്യപ്പെട്ടു.

നേതാജിയുടെ ജൻമദിനം എല്ലാ വർഷവും രാജ്യമെമ്പാടും വളരെ അന്തസ്സോടെയും ആദരവോടെയും ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാൻ ഏറെക്കാലമായി കേന്ദ്രസർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം നടപ്പായിട്ടില്ല. നേതാജിയെ ആദരിക്കാനായി ജനുവരി 23ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും കത്തിൽ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

നേതാജിയുടെ 125-ാം ജൻമ വാർഷികമാണ് വരുന്നത്. ഈ വേളയിൽ അദ്ദേഹത്തിന്റെ ജൻമദിനം ദേശീയ അവധി പ്രഖ്യാപിക്കുന്നത് നേതാജിക്ക് നൽകുന്ന ഉചിതമായ അംഗീകാരമായിരിക്കുമെന്നും മമത ബാനർജി കത്തിൽ ചൂണ്ടിക്കാണിച്ചു.

നേതാജിയുടെ തിരോധനത്തിന് പിന്നിലെ സത്യാവസ്ഥ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പ്രത്യേകിച്ച് ബംഗാളിലെ ജനങ്ങൾക്ക് ഇക്കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ട്. നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം പൊതുമധ്യത്തിൽ വ്യക്തമാക്കണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

content highlights:Declare Netaji's birthday on January 23 as a national holiday Mamata asks PM Narendra Modi