മുംബൈ: മഹാരാഷ്ട്രാ - കര്‍ണാടക അതിര്‍ത്തി മേഖലയില്‍ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്തിമ വിധി വരുംവരെ അതിര്‍ത്തി മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കി നിലനിര്‍ത്തണമെന്നാണ് ആവശ്യം.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉദ്ധവ് ഈ ആവശ്യമുന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. മറാഠി സംസാരിക്കുന്ന ജനങ്ങളോട് കര്‍ണാടക സര്‍ക്കാര്‍ അതിക്രമം കാട്ടുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു. അവര്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയുടെ ഭാഗമാക്കി മാറ്റുന്നതിന് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് ജയിക്കേണ്ടതുണ്ട്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ബെല്‍ഗാമിന്റെ പേര് മാറ്റിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി കോടതിയലക്ഷ്യം അല്ലേ എന്ന് ഉദ്ധവ് ചോദിച്ചു.

ബല്‍ഗാമിന്റെ പേര് മാറ്റിയശേഷം രണ്ടാമത്തെ തലസ്ഥാനമായി അതിനെ പ്രഖ്യാപിക്കുകയും നിയമസഭാ മന്ദിരം അവടെ നിര്‍മിക്കുകയും സഭാ സമ്മേളനം ചേരുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ വിശ്രമമില്ലെന്ന് നമുക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. മഹാവികാസ് അഖാഡി ഭരണകാലത്ത് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരിക്കലും അത് സാധ്യമാകില്ല' -  ഉദ്ധവ് പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ സുപ്രീം കോടതിയാണ് മഹാരാഷ്ട്രയുടെ അവസാനത്തെ ആശ്രയമെന്ന് ചടങ്ങില്‍ സംസാരിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. കേസ് ജയിക്കാനുള്ള എല്ലാ വഴികളും തേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കര്‍ണാടകയുടെ ഭാഗമായ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി എന്നിവ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ അധികവും മറാഠി സംസാരിക്കുന്നവര്‍ ആയതിനാല്‍ ഈ പ്രദേശങ്ങള്‍ക്കുമേല്‍ മഹാരാഷ്ട്രാ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കേസ് വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

Content Highlights: Declare Marathi-speaking Karnataka-Maharashtra border aresa as UT - Udhav