ലഖ്നൗ: ഹാഥ്റസില്‍ കൊലചെയ്യപ്പെട്ട 19 കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് പ്രാദേശിക ഭരണകൂടമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി എച്ച് സി അവസ്തി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും സംസ്‌കരിച്ചതില്‍ പോലീസിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പോലീസിൽ നിന്നു വരുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

''എനിക്ക് ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. തീരുമാനം പ്രാദേശിക ഭരണതലത്തിലാണെടുത്തത്. എനിക്ക് ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല,'' ഡിജിപി എച്ച് സി അവസ്തി എഎന്‍ഐയോട് പറഞ്ഞു.

യുപി പോലീസ് മേധാവി ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. 

"അത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായി എന്നാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എന്ത് കൊണ്ട് അവരുടെ സങ്കടങ്ങള്‍ക്ക് പരിഹാരമായില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ എല്ലാ ആവലാതികള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും", അദ്ദേഹം പറഞ്ഞു. 

കുട്ടിയുടെ കുടുംബാംഗങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരെ തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും പോലീസിൽ വിശ്വാസം അര്‍പ്പിക്കാന്‍ അവരോട് ആവശ്യപെട്ടിട്ടുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.

അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ഗ്രാമത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അവസ്തി പറഞ്ഞു

അഞ്ചംഗ സംഘമായി ഏത് പൊതു പ്രവര്‍ത്തകര്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.