എട്ടാമത് നിതി ആയോഗ് യോഗത്തിൽ നിന്ന് | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നടപടി ജനവിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് ബി.ജെ.പി. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന മുഖ്യമന്ത്രിമാരുടെ തീരുമാനത്തിലൂടെ അവരുടെ സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളുന്നയിക്കാനുള്ള അവസരമാണ് നഷ്ടമായതെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
'രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്ന നിരവധി സാധ്യതകള്‍ ചര്‍ച്ചചെയ്യുന്ന വേദിയാണ് നിതി ആയോഗ്. നൂറോളം വിഷയങ്ങളാണ് എട്ടാമത് നിതി ആയോഗ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അവരുടെ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരമാണ് അതിലൂടെ നഷ്ടമായത്', വാര്‍ത്താ സമ്മേളനത്തില്‍ രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
'പ്രധാനമന്ത്രിയെ എതിര്‍ക്കുന്നതിൽ ഏതറ്റംവരെ പോകാനാണ് നിങ്ങളുടെ ഉദ്ദേശ്യം? പ്രധാനമന്ത്രിയെ എതിര്‍ക്കാന്‍ ഇനിയും ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും. പക്ഷേ, നിതി ആയോഗില്‍ നിന്ന് വിട്ടുനിന്നത് നിങ്ങള്‍ നിങ്ങളുടെ ജനങ്ങളോട് തന്നെ ചെയ്ത ദ്രോഹമായിരുന്നു', രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള മുഖ്യമന്ത്രിമാരുടെ തീരുമാനം പൊതുതാത്പര്യത്തിന് എതിരായിരുന്നെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
വികസിത് ഭാരത് @ 2047 എന്ന പ്രമേയത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ എട്ടാമത് നിതി ആയോഗ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിപക്ഷത്തു നിന്നുള്ള പത്തോളം മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രത്യേക കാരണങ്ങള്‍ ഒന്നും അറിയിക്കാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ആരോഗ്യകാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്ന് അശോക് ഗഹലോത്ത് അറിയിച്ചു. ഗ്രാന്‍ഡുകളും ഫണ്ടുകളും അനുവദിക്കുന്നതില്‍ കേന്ദ്രത്തിന് സംസ്ഥാനത്തോട് വിവേചനമെന്ന് ആരോപിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി വിട്ടുനിന്നത്. സിങ്കപ്പൂര്‍, ജപ്പാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലായതിനാലാണ് സ്റ്റാലിന്‍ യോഗത്തില്‍ പങ്കെടുക്കാത്തത്.
കെജ്രിവാളുമായുള്ള കൂട്ടിക്കാഴ്ച ചൂണ്ടിക്കാട്ടിയാണ് കെ. ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കുന്നത്. നേരത്തേ തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് നിതിഷ് കുമാറിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാന ധനകാര്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും യോഗത്തിനയക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നെങ്കിലും നിഷേധിച്ചിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം പുനഃസ്ഥാപിക്കാനുള്ള മേയ് 19-ലെ ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
Content Highlights: decision to boycott niti aayog meeting by cms is anti people and irresponsible says bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..