ഇന്ത്യയിലുള്‍പ്പെടെ രണ്ട് ലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ച സുനാമിയുടെ ഓര്‍മകള്‍ക്ക് 16 കൊല്ലം. ക്രിസ്മസ് ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുമ്പായിരുന്നു 2004 ഡിസംബര്‍ 26 ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണ് സുനാമിയായി രൂപാന്തരപ്പെട്ടത്. പതിനാല് രാജ്യങ്ങളെ അന്നത്തെ ദുരന്തം ബാധിച്ചു.
ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂകമ്പത്തില്‍ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങിയത്. ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളില്‍ സുനാമി ദുരന്തം വിതച്ചു.

2,27,898 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. ഇന്ത്യയില്‍ 16,000 ത്തോളം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7000 ത്തോളം പേരുടെ ജീവന്‍ സുനാമി കവര്‍ന്നു. 236 പേരാണ് കേരളത്തില്‍ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തില്‍ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.
സുനാമി ദുരിതം വിതച്ച തീരങ്ങളെ പൂര്‍വസ്ഥതിയിലെത്തിക്കുക എന്നത് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമായി. സുനാമി ദുരന്തത്തിന്റെ ഓര്‍മകളുമായി കേരളത്തിലടക്കം നിരവധി പേരാണ് ഇന്നും ജീവിക്കുന്നത്. ജീവന്‍ നഷ്ടമായ ഉറ്റവരും നഷ്ടമായ ജീവിത സൗഭാഗ്യങ്ങളെ കുറിച്ചുമുള്ള ഓര്‍മളില്‍ നീറിക്കഴിയുന്നവര്‍ നിരവധി. കോടികള്‍ ചെലവഴിച്ചിട്ടും ഇനിയും പഴയതു പോലെയായിത്തീരാത്ത, ആവില്ലെന്നുറപ്പിക്കുന്ന സുനാമി നഷ്ടങ്ങള്‍ ഇന്നും തീരാവേദനയായി അവശേഷിക്കുന്നു.

2004 വരെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും സുനാമിയെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ സുനാമിയ്ക്ക് പിന്നാലെ മിനിസ്ട്രി ഓഫ് എര്‍ത് സയന്‍സസ് മുന്‍കൈയെടുത്ത് സുനാമി മുന്നറിയിപ്പിനായി ഐടിഇഡബ്ല്യുഎസ് എന്ന സംവിധാനം സ്ഥാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഭൂകമ്പങ്ങളെ കുറിച്ചും സുനാമിയെ കുറിച്ചും നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനം സഹായിക്കും. കൂടാതെ കൊടുങ്കാറ്റുകളെ കുറിച്ചുമുള്ള മുന്നറിയിപ്പും ഇത് നല്‍കും. 2007 ല്‍ ആരംഭിച്ച ഈ സംവിധാനം ഇതുവരെ 630 ഭൂകമ്പങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
Content Highlights: December 26, 2020 marks the 16th anniversary of the Indian Ocean Tsunami