ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയിൽ വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബെംഗളുരിവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം വിദഗ്ധർ ഗണിത ശാസ്ത്രമാതൃകയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 ബുധനാഴ്ച 3780 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2,26,188 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്നുമാത്രം 3,82,315 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുളളത്.

അടുത്തനാല്-ആറ് ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡീനായ ആശിഷ് ഝാ അഭിപ്രായപ്പെട്ടിരുന്നു.

ഡൽഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ കോവിഡ് നിരക്ക് ചെറിയ രീതിയിൽ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചുരുന്നു. എന്നാൽ 72 മണിക്കൂറിനുളളിലെ ഡേറ്റ നോക്കി ഇത്തരമൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്.

 

Content Highlights:Deaths May Double In Coming Weeks