ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്.

ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു.

ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗ രേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ ഇത്തരത്തിൽ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ 30 ദിവസമായി ദീർഘിപ്പിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ചു മരിച്ചാൽ അടിയന്തര സഹായമായി നാലു ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ മേലാണ് കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടിയത്. ഇതിന് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Content Highlights: Death within 30 days of getting Covid-19 to be treated as 'Covid death