ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശമുള്ള ഇ-മെയില്‍ അയച്ചത് പാകിസ്ഥാന്‍ സ്വദേശിയായ ഷാഹിദ് ഹമീദ് എന്ന വ്യക്തിയാണെന്ന് വിവരം ലഭിച്ചതായി ഡല്‍ഹി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളില്‍ നിന്ന് ഐപി വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് തേടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കശ്മീരാണ് (ഐഎസ്‌ജെകെ) ഭീഷണി സന്ദേശം അയച്ചതെന്ന് കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ടീം ഇതിനകം തന്നെ ഭീഷണി സന്ദേശം അയച്ച വ്യക്തിയുടെ ഐപി വിലാസം കണ്ടെത്തുകയും അയച്ച ആളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഭീഷണി കത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുകയാണ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് ഹമീദ് മെയില്‍ അയച്ചിരിക്കുന്നതെന്ന് ഐപി വിലാസം പരിശോധിച്ചതില്‍ നിന്ന് സ്ഥിരീകരിച്ചതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

വിഷയത്തില്‍ ഐഎസ്ഐയുടെ പങ്കാളിത്തത്തിനുള്ള സാധ്യതകളും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്. കത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍ ആണ് അയച്ചതെന്ന് കുറ്റവാളി മനഃപൂര്‍വം ചിത്രീകരിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 9.32നാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയില്‍ ഗംഭീറിന് ലഭിക്കുന്നത്. ഗംഭീറിന്റെ ഔദ്യോഗിക ഇമെയില്‍ ഐഡിയില്‍ 'ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലാന്‍ പോകുന്നു' എന്ന സന്ദേശത്തോടെയാണ് ഇ-മെയില്‍ ലഭിച്ചത്. ഇതിന് പിന്നാലെ ഗംഭീറിന്റെ പേഴ്സണല്‍ സെക്രട്ടറി ഗൗരവ് അറോറ ബുധനാഴ്ച രാജേന്ദ്ര നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗംഭീറിന്റെ വസതിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Death threat mail to Gautam Gambhir recieved from pakistan says delhi police