ലഖ്‌നൗ: ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലം ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിക്കാനിടയാകുന്നത് നരഹത്യയ്ക്ക് തുല്യമായ ക്രിമിനല്‍ കുറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, മീററ്റ് തുടങ്ങിയ ജില്ലകളില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായതിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. 

സംഭവത്തില്‍ അന്വേഷണം നടത്താനും ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വര്‍മ, അജിത് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ അവസ്ഥയും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. 

ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിക്കാനിടയാകുന്നത് തടസ്സം കൂടാതെയുള്ള ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവരുടെ അനാസ്ഥ മൂലമാണെന്നത് അതിയായ വേദനയുളവാക്കുന്നതായി കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഈ അനാസ്ഥ നരഹത്യയേക്കാള്‍ ഒട്ടും കുറവല്ലാത്ത ക്രിമിനല്‍ കുറ്റമാണെന്നും കോടതി കുറ്റപ്പെടുത്തി. ഹൃദയമാറ്റശസ്ത്രക്രിയയും മസ്തിഷ്‌കശസ്ത്രക്രിയയും വരെ നടത്തി ശാസ്ത്രം ഏറെ പുരോഗമിച്ച ആധുനികകാലത്ത് ജനങ്ങളെ ഇത്തരത്തില്‍ മരിക്കാന്‍ വിടുന്നത് അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ഇത്തരം കാര്യങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാരോ ജില്ലാ അധികാരികളോ അന്വേഷണത്തിന് ഉത്തരവിടുന്നത് പതിവല്ലെങ്കിലും, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സ്ഥിതി നിലവിലുണ്ടെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ച് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതായി കോടതി വ്യക്തമാക്കി. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് അന്വേഷിക്കാനും 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും ലഖ്‌നൗ, മീററ്റ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍  അടുത്ത വാദം നടക്കുന്ന ദിവസം ഓണ്‍ലൈനില്‍ പങ്കെടുക്കാനും മജിസ്‌ട്രേറ്റുമാരോട് കോടതി. ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഞായറാഴ്ച മീററ്റ് മെഡിക്കല്‍ കോളേജിലെ ട്രോമ സെന്ററില്‍ ഓക്‌സിജന്‍ ലഭിക്കാതെ അഞ്ച് രോഗികള്‍ മരിച്ചതായുള്ള വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കൂടാതെ ലഖ്‌നൗവിലെ സ്വകാര്യആശുപത്രിയില്‍ ഓക്‌സിജന്‍ അപര്യാപ്തത മൂലം രോഗികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായുള്ള വാര്‍ത്തയും കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ മുഖവിലക്കെടുത്തു. 

 

 

Content Highlights: Death Of Patients Due To No Supply Of Oxygen "Not Less Than Genocide" UP Court