ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ തിങ്കളാഴ്ച കീഴടങ്ങും. അപ്പീല്‍ പരിഗണിക്കാന്‍ കാലതാമസം നേരിടുമെന്ന് ഉറപ്പായതോടെയാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. ഡിസംബര്‍ 31 നകം കീഴടങ്ങാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം സജ്ജന്‍ കുമാറിന് ഒരു തരത്തിലുള്ള ആനുകൂല്യവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യ പരാതിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
തിഹാര്‍ ജയിലില്‍ നേരിട്ടെത്തിയോ കര്‍കര്‍ദൂമ കോടതിയിലോ ആയിരിക്കും സജ്ജന്‍കുമാര്‍ കീഴടങ്ങാനെത്തുക. കോടതിയില്‍ സജ്ജന്‍കുമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും കലാപത്തിലെ ഇരകളാരും കോടതിയില്‍ ചെല്ലരുതെന്നും പരാതിക്കാരില്‍ പ്രമുഖനായ എച്ച് എസ് ഫൂല്‍ക്ക ആവശ്യപ്പെട്ടു. 31 ന് കോടതിയിലെത്തി കീഴടങ്ങിയില്ലെങ്കില്‍ ചൊവ്വാഴ്ച സജ്ജന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യും. സിഖ് കൂട്ടക്കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ ശിക്ഷിക്കപ്പെടുക എന്നത് രാജ്യത്തിന്റെ വിജയമാണ് അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് സജ്ജന്‍ കുമാര്‍ എത്തിയാല്‍ അതിനെതിരെ കോടതിക്കു മുമ്പാകെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡിസംബര്‍ 22 ന് സജ്ജന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി അവധി കഴിഞ്ഞ് ഇനി ജനുവരി രണ്ടിനേ തുറക്കൂ. അപ്പീല്‍ പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
73 വയസ്സുള്ള തനിക്ക് പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെന്നും കുടുംബത്തിന്റെ ആസ്തിയും താമസവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 30 ദിവസം കൂടി വേണമെന്നും ആവശ്യപ്പെട്ടാണ് സജ്ജന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഡിസംബര്‍ 17നാണ് മുന്‍ കോണ്‍ഗ്രസ്സ് എം.പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കൂട്ട കൊല കേസിലായിരുന്നു വിധി. കൂട്ടാളികളെ പത്തു വര്‍ഷം വീതമാണ് തടവിന് ശിക്ഷിച്ചത്.വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു.
content highlights: Deadline ends, Sajjan Kumar To Surrender In 1984 Anti-Sikh Riots