മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ യഥാര്‍ഥ കോവിഡ് മരണക്കണക്ക് മറച്ചുവെക്കുന്ന ആരോപണത്തിനെതിരെ മേയര്‍ കിശോരി പഡ്‌നേക്കര്‍. കോവിഡ് മരണക്കണക്ക് മറച്ചുവെച്ചിട്ടില്ലെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലഡില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു കിശോരി. 

കോവിഡ് മരണക്കണക്ക് മറച്ചുവെച്ചിട്ടില്ലെന്നും മുംബൈയില്‍ ഒരു വിവരവും ഒളിപ്പിച്ചുവെച്ചിട്ടില്ലെന്നും കിശോരി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച ആരുടെയും മൃതദേഹങ്ങള്‍ മുംബൈയിലെ നദികളില്‍ ഒരിടത്തും ഉപേക്ഷിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം നദികളില്‍ ഉപേക്ഷിച്ച സംഭവത്തെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അവര്‍. 

മുംബൈയിലെ കോവിഡ് മരണക്കണക്കുകള്‍ മൂന്നിടത്താണ് രേഖപ്പെടുത്തുന്നതെന്നും അതിനാല്‍ വിവരങ്ങള്‍ മറച്ചുവെക്കാനാകില്ലെന്നും കിശോരി വ്യക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15,100 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 27 മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. 788 പേര്‍ക്കാണ് ബുധനാഴ്ച പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 

content highlights: deadbodies not being dumped in river in mumbai- mayor on covid death toll being hidden charge