ചണ്ഡീഗഢ്: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികയ്ക്ക് പുതുജീവന്‍. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് മരിച്ചെന്ന് കരുതിയ 65-കാരി വീണ്ടും ജീവിതത്തിലേക്ക് തിരികെയെത്തിയത്. 

കപൂര്‍ത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ബന്ധുക്കള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കാനായി മോര്‍ച്ചറിയിലെത്തി. തുടര്‍ന്ന് ഫ്രീസര്‍ തുറന്ന് ആഭരണങ്ങള്‍ എടുക്കുന്നതിനിടെയാണ് 65-കാരിക്ക് ശ്വാസമുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. 

വിവരമറിഞ്ഞെത്തിയ ഡോക്ടര്‍ വയോധികയെ പരിശോധിക്കുകയും ശ്വാസമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവര്‍ കണ്ണുകള്‍ തുറന്നു. ഉടന്‍തന്നെ അല്പം വെള്ളം കുടിക്കുകയും ചെയ്തു. 

വയോധിക മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ 65-കാരിയുടെ ആരോഗ്യനില വീണ്ടും മോശമാവുകയും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയോടെ ഇവര്‍ മരിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. 

Content Highlights: dead woman found alive in morgue in a hosipital in  kapurthala punjab