ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതാണിത്. ശനിയാഴ്ച രാവിലെ മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും.

വിമാനത്താവളത്തില്‍ നേരിട്ടെത്തി മൃതദേഹം ഏറ്റുവാങ്ങുമെന്ന് വി. മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൃതദേഹം എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.


ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിച്ചത്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രയേലിലെ അഷ്‌കലോണ്‍ എന്ന പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. 

ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളില്‍ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റുളളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പൂര്‍ണമായും തകര്‍ന്നു. 

നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും സന്തോഷിനെ സൗമ്യ അറിയിച്ചിരുന്നു. സംസാരിക്കുന്നതിനിടയില്‍ ഫോണ്‍ കട്ടായി. തുടര്‍ന്ന് സന്തോഷ് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ സമീപത്തുളള ബന്ധുവിനെ വിളിച്ചപ്പോഴാണ് റോക്കറ്റ് സൗമ്യ താമസിക്കുന്ന വീടിന് മുകളിലേക്ക് പതിച്ച വിവരം അറിഞ്ഞത്. സൗമ്യ ഏഴുവര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്തുവരികയാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ അവസാനമായി വീട്ടിലെത്തിയത്. 

Content Highlights: Dead body of Soumya killed in rocket attack in Israel will reach Delhi tomorrow