ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി.

പോലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുല്‍ഗാമിലെ പരിവാനില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹത്തില്‍ വെടിയുണ്ടകളുടെ പാടുകളുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കച്ടൂരയില്‍നിന്ന് ജാവേദിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയായിരുന്നു ജാവേദിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്.

കച്ടൂരയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. 

content highlights:Dead body of Kashmir police constable abducted by terrorist found