ന്യൂഡല്‍ഹി: കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്നും മൃതദേഹങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ട നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും സൂക്ഷിക്കാനും കോടതി  നിര്‍ദേശം നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളെ സംബന്ധിച്ച പൂര്‍ണവിവരം ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. 

കൂടാതെ കലാപത്തിനിടെ കാണാതായവരെ കുറിച്ച് ലഭിച്ച് പരാതികളില്‍ അടിയന്തരനടപടി സ്വീകരിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി. ചാന്ദ് ബാഗില്‍ മാത്രം 40 പേരുള്‍പ്പെടെ 130 ഓളം പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.