ശ്രീനഗര്‍: ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോടയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി. സാംബ സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപത്താണ് തുരങ്കം കണ്ടെത്തിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

ജമ്മു കശ്മീര്‍ പോലീസും ബിഎസ്എഫും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് 30 - 40 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താനുള്ള പദ്ധതിയുമായി പാകിസ്താനില്‍നിന്ന് എത്തിയ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകകരെയാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വധിച്ചത്. ട്രക്കില്‍ സഞ്ചരിച്ച ഭീകരവാദികളെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ നഗ്രോടയ്ക്ക് സമീപമുള്ള ടോള്‍ പ്ലാസക്ക് സമീപത്തുവച്ച് സുരക്ഷാസൈന്യം വധിച്ചു. വന്‍ ആയുധശേഖരം ഭീകരവാദികളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 

11 എ.കെ അസോള്‍ട്ട് റൈഫിളുകള്‍, മൂന്ന് പിസ്റ്റളുകള്‍, ആറ് ഗ്രനേഡുകള്‍ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരവാദികളില്‍നിന്ന് പിടിച്ചെടുത്തത്.. സാംബ സെക്ടറിലെ തുരങ്കം വഴിയാണ് നാല് ജെയ്‌ഷെ ഭീകരരും ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം ലഭിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കശ്മീര്‍ പോലീസിന്റെ സഹായത്തോടെ ബിഎസ്എഫ് വ്യാപക തിരച്ചില്‍ നടത്തിയത്. അതേത്തുടര്‍ന്ന് സാംബ ജില്ലയിലെ റീഗല്‍ ഗ്രാമത്തിന് സമീപം തുരങ്കം കണ്ടെത്തി. തുരങ്കത്തിലൂടെ എത്തിയ ഭീകരവാദികളെ ദേശീയപാതയില്‍ എത്താന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടാവുമെന്ന് ബിഎസ്എഫ് ഐ.ജി എന്‍.എസ് ജാംവാള്‍ പറഞ്ഞു.

Content Highlights: Days after Nagrota encounter, Tunnel used by terrorists found in Jammu and Kashmir