ന്യൂഡല്‍ഹി : കാലിന് പരിക്കേറ്റ് നാല് ദിവസങ്ങള്‍ക്ക് ശേഷം വീല്‍ചെയറിലിരുന്ന് റോഡ് ഷോ നടത്താനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഹസ്രയിലാണ് ഇന്ന് വൈകിട്ട് മമതയുടെ കൂറ്റന്‍ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റാലിക്ക് ശേഷം മമത ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരിക്കേറ്റത്. നാല് പേര്‍ ചേര്‍ന്ന് തന്നെ മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമതയുടെ ആരോപണം. ഇടതുകാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ മമതയ്‌ക്കെതിരെ ഉണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് ചൂടേറിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച മമത ജനങ്ങളെ കബളിപ്പിക്കാനായി കെട്ടിച്ചമച്ച സംഭവമാണ് ഇതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തിന് തൊട്ടുമുന്‍പ് ബംഗാള്‍ പോലീസ് മേധാവിയെ കേന്ദ്രം ഇടപെട്ട് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും മമതയുടെ ജീവന്‍ അപഹരിക്കാനാണ് ഇതിലൂടെ ശ്രമിച്ചെതെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചത്. 

നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുന്ന മമതയുടെ എതിരാളി മുന്‍ സഹപ്രവര്‍ത്തകനും നിലവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയാണ്. എട്ട് ഘട്ടമായി നടക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് ആരംഭിക്കുക. മെയ് 2 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Content Highlights: Days After Leg Injury, Mamata Banerjee To Lead Roadshow In Wheelchair