കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമമ്പ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുൻ ബംഗാൾ മന്ത്രി രാജിബ് ബാനർജി തൃണമൂലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹം. ബംഗാൾ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി രാജിബ് ബാനർജി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

മുൻ ബിജെപി ഉപാധ്യക്ഷൻ മുകുൾ റോയ് പാർട്ടി വിട്ട് തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് രാജിബ് ബാനർജി കുനാൽ ഘോഷിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. അതേസമയം ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും ഇരുനേതാക്കളും പ്രതികരിച്ചു.

'കുനാൽ ഘോഷിന്റെ വീടിന് സമീപമുള്ള ഒരു ബന്ധുവിനെ കാണാനായാണ് എത്തിയത്. കുനാൻ തന്റെ സഹോദരനും സുഹൃത്തുമാണ്. ഇവിടെ എത്തിയപ്പോൾ അദ്ദേഹത്തെ വിളിച്ചു. വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ വന്നുകണ്ടു. രാഷ്ട്രീയ കാര്യങ്ങളൊന്നും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല', ബാനർജി പറഞ്ഞു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ അടുത്തിടെ സാമൂഹ്യമാധ്യമത്തിലൂടെ രാജിബ് ബാനർജി ബിജെപിയെ വിമർശിക്കുകയും ചെയ്തിരുന്നു.

content highlights:Day after Mukul Roy's return, BJP's Rajib Banerjee meets TMC leader