മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിന് തയ്യാറെടുക്കുന്നതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ദാവൂദ് ഇബ്രാഹിം ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ വെടിപൊട്ടിച്ചത്‌.

ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കും. ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ദാവൂദ് ഇബ്രാഹിം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. വികലാംഗനായ അദ്ദേഹത്തിന് ഇന്ത്യയുടെ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു.

ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങിവരികയാണെങ്കില്‍ അത് ബിജെപിയുടെ നേട്ടമായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനായിരിക്കും അവര്‍ ശ്രമിക്കുക. ദാവൂദ് ആസൂത്രണം ചെയ്ത മുംബൈ ബോംബ് സ്‌ഫോടനം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായിട്ടും കോണ്‍ഗ്രസിന് സാധിക്കാതിരുന്ന കാര്യം നരേന്ദ്രമോദിക്ക് സാധിച്ചെന്നായിരിക്കും ബിജെപിയുടെ അവകാശവാദം. യഥാര്‍ഥത്തില്‍ ദാവൂദിനെ ആരും ഇന്ത്യയിലേയ്ക്ക് കൊണ്ടുവരികയല്ല, ഇന്ത്യയിലേയ്ക്കുവരാന്‍ ദാവൂദിനാണ് ആഗ്രഹം- താക്കറെ വ്യക്തമാക്കി.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ് താക്കറെ വിമര്‍ശിച്ചു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ബിജെപി വിരുദ്ധ തരംഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.