ന്യൂഡല്‍ഹി:  പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘം ഡല്‍ഹിയില്‍ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മാതൃകയില്‍ ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. 

ഇതിനായി ദാവൂദിന്റെ ഡി കമ്പനി ഇന്ത്യയില്‍ നിന്ന് തന്നെ ഏതാനും പേരെ വിലക്കെടുത്തതായാണ് വിവരം. ഇപ്രകാരം മധ്യപ്രദേശില്‍ നിന്ന് നിയോഗിക്കപ്പെട്ടവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഇന്റലിജന്‍സിന് ഈ സൂചനകള്‍ ലഭിച്ചത്.

പാകിസ്താന്‍ താവളമാക്കി അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ടും മയക്കമരുന്നും കടത്തിവരുകയായിരുന്നു സമീപകാലം വരെ ദാവൂദ്. അതിനിടയിലാണ് തന്റെ ടീമിനോട് ആക്രമണം നടത്താന്‍ ദാവൂദ് നിര്‍ദേശം കൈമാറിയിരിക്കുന്നത്‌

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, ഡല്‍ഹി മെട്രോ, വിധാന്‍ സഭ, ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷന്‍ എന്നിവയാണ് അവരുടെ ലക്ഷ്യസ്ഥാനങ്ങളെന്ന് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഐ.എസ്.ഐയുടെ സഹായത്തോടെ പാകിസ്താനില്‍ ഒളിച്ചുതാമസിക്കുന്ന ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.