ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയമാണിതെന്ന് ബിജെപി ട്വീറ്റ് ചെയ്തു.

1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. യുഎഇയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യ യുഎഇ സര്‍ക്കാരിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നതെന്നാണ് ബിജെപിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ ദാവൂദിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പട്ടിക കൈമാറിയിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ദാവൂദിന്റെ സ്വത്തുവകകളില്‍ വലിയൊരു ഭാഗം ദുബായിലാണ്. ഇന്ത്യ യുഎഇയ്ക്ക് നല്‍കിയ പട്ടിക പ്രകാരം ദാവൂദിന് 15,000 കോടിയുടെ സ്വത്ത് യുഎഇയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. യുഎഇ സര്‍ക്കാര്‍ പുലര്‍ത്തുന്ന രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനാണ് സ്വത്ത് കണ്ടുകെട്ടിയ കാര്യത്തില്‍ ഇന്ത്യ ഔദ്യോഗിക സ്ഥിരീകരണം നടത്താത്തെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ദാവൂദ് ഇപ്പോള്‍ പാകിസ്താനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. മുംബൈ സ്‌ഫോടനത്തില്‍ ദാവൂദിനുള്ള പങ്കും പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള ബന്ധവും വ്യക്തമായതിനെ തുടര്‍ന്ന് ഇന്ത്യ ദാവൂദിനെ പിടികൂടാന്‍ രണ്ട് പതിറ്റാണ്ടായി ശ്രമം നടത്തിവരികയാണ്. ഭീകര സംഘടനകളായ അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ തയ്ബ തുടങ്ങിയവയ്ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.