മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യാനൊരുങ്ങുന്നു. അടുത്തമാസം 14 നാണ് ലേലം. പിടിച്ചെടുത്ത 10 വസ്തുക്കളില്‍ മൂന്നെണ്ണമാണ് ലേലത്തിന് വയ്ക്കുന്നത്. ഏഴെണ്ണം 2015 ല്‍ വിറ്റിരുന്നു.
നവംബര്‍ 14 നു നടക്കുന്ന ലേലവുമായി ബന്ധപ്പെട്ട പരസ്യം കേന്ദ്ര ധനകാര്യ മന്ത്രാലത്തിനു കീഴിലുള്ള വകുപ്പ് ദിനപത്രങ്ങളില്‍ നല്‍കിയിട്ടുണ്ട്.
മുംബൈയിലും പരിസരപ്രദേശത്തുമുള്ള കോടിക്കണക്കിന് മൂല്യം വരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ സി ബി ഐയാണ് കണ്ടുകെട്ടിയത്. ദക്ഷിണ മുംബൈയിലെ ഭെന്‍ഡി ബസാറിനു സമീപം സ്ഥിതിചെയ്യുന്ന വസ്തുക്കളാണ് ലേലത്തിന് വച്ചിട്ടുള്ളത്.
യാക്കൂബ് തെരുവിലെ ഗസ്റ്റ് ഹൗസ്, പക്മോഡിയ തെരുവിലെ ദമ്പര്വാല കെട്ടിടത്തിലെ അഞ്ചുമുറികള്‍, ഇതേ തെരുവില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ റോണക്ക് ആഫ്രോസ് എന്നിവയാണ് ലേലത്തില്‍ വയ്ക്കുന്ന വസ്തുക്കള്‍.