താനെ: ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. ഇന്ത്യയിലേക്ക് തിരികെവരാന്‍ ദാവൂദ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയിലേക്ക് എത്തിയാല്‍ തന്നെ അതീവസുരക്ഷിതമായ മുംബൈയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ മാത്രമേ പാര്‍പ്പിക്കാവൂ എന്നാണ് ദാവൂദ് ഇബ്രാഹിമിന്റെ വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടതെന്ന് കെസ്വാനി പറഞ്ഞു. നിബന്ധനകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാം ജെത്മലാനി വഴി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാവൂദ് ഇബ്രാഹിം കോന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും കെസ്വാനി വെളിപ്പെടുത്തി.

പാക് തീവ്രവാദി അജ്മല്‍ കസബിനെ തൂക്കിലേറ്റും മുമ്പ് പാര്‍പ്പിച്ചിരുന്ന ഇടമാണ് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍. ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് വരാന്‍ വഴികള്‍ തേടുന്നുണ്ടെന്നും അതിനായി മോദി സര്‍ക്കാരുമായി സമവായ ശ്രമങ്ങളാരംഭിച്ചെന്നുമുള്ള  മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറെയുടെ വിവാദ പ്രസ്താവനയ്ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് കെസ്വാനിയുടെ വെളിപ്പെടുത്തല്‍. ദാവൂദ് രോഗബാധിതനായി അത്യാസന്ന നിലയിലാണെന്നും അവസാനനിമിഷങ്ങള്‍ ഇന്ത്യയിലാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ പ്രതിയായ ഭൂമി അപഹരണ കേസില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്യാം കെസ്വാനി. 

content highlights: Dawood Ibrahim Keen to Return to India, Says His Lawyer