ന്യൂഡല്‍ഹി: ഇന്ത്യ ദീര്‍ഘകാലമായി തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന ഇന്ത്യന്‍ വാദം ശക്തപ്പെടുത്തി കൂടുതല്‍ തെളിവുകള്‍. സീ ന്യൂസാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സീ ന്യൂസ് പുറത്തുവിട്ടിരക്കുന്ന ഒരു ചിത്രമാണ് ദാവൂദിന്റെ പാക് ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവ് നല്‍കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള ചിത്രത്തില്‍ ദാവൂദും ഏറ്റവും വിശ്വസ്തനായ അനുയായി ജാബിര്‍ മോടിവാലയുമാണ് ഉള്ളത്. ദാവൂദിന്റെ അധോലോക സംഘമായ ഡി കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ തലവനായാണ് ജാബിര്‍ അറിയപ്പെടുന്നത്. 

ദാവൂദ് അസുഖം മൂലം അവശനാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ വളരെ ആരോഗ്യവാനായ ദാവൂദിനെയാണ് കാണുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം പ്രകാരം ജാബിര്‍ പാകിസ്താനിലെ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ ഹൗസില്‍ ദാവൂദിന്റെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. ദാവൂദിന്റെ ഭാര്യ മെഹ്ജബിനുമായും മകന്‍ മൊയ്ന്‍ നവാസുമായും ജാബിര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 

2018 ആഗസ്റ്റ് 17ന് എഫ്.ബി.ഐയുടെ അഭ്യര്‍ഥന പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്ക് സകോട്ട്‌ലാന്‍ഡ് യാര്‍ഡ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു. എഫ്.ബി.ഐ നല്‍കുന്ന സൂചനകള്‍ പ്രകാരം ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ജബിര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്‍ എഫ്.ബി.ഐയുമായി സഹകരിക്കാനാണ് ഇന്ത്യന്‍ ഏജന്‍സികളുടെ തീരുമാനം. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയും ഡി കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നും ജാബിര്‍ മോടിവാലയാണ് അതിന്റെ കണ്ണിയെന്നുമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിശ്വസിക്കുന്നത്. 

മോടിവാലയുടെ അറസ്റ്റിനെതിരെ ബ്രിട്ടണിലെ പാകിസ്താന്‍ ഹൈക്കമ്മീഷൻ രംഗത്ത് വന്നതായും സീ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോടിവാലയ്ക്ക് ഡി കമ്പനിയുമായി ബന്ധമില്ലെന്നും അദ്ദേഹം ഒരു പ്രമുഖ വ്യവസായിയാണെന്നും കാണിച്ച് പാകിസ്താന്‍ ബ്രിട്ടനിലെ കോടതിക്ക് കത്ത് നല്‍കിയിരുന്നു. ജാബിര്‍ മോടിവാലയുടെ അറസ്റ്റ് ദാവൂദിന്റെ പാക് ബന്ധങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ് പാകിസ്താന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

content highlights: Dawood Ibrahim is in Pakistan, claims his close aide Jabir Motiwala