ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പുറത്ത്. ദേശീയ ചാനലാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ദാവൂദിന്റെ പാകിസ്താനിലുള്ള വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണ്‍. സിന്ധിലെ മുന്‍ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.

dawood house
ദാവൂദ് ഇബ്രാഹിമിന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം. കടപ്പാട്:  സി.എന്‍.എന്‍. ന്യൂസ്18

അബോട്ടാബാദില്‍ ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീടിന് സമാനമായ വീട്ടിലാണ് ദാവൂദ് താമസിക്കുന്നതെന്ന് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ നാഷണല്‍ ബാങ്ക്, ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ വീടിനടുത്തുണ്ട്. കൂടാതെ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി സന്യാസി അബ്ദുള്ള ഷാ ഗസിയുടെ ശവകുടീരവും ഇവിടെയാണ്.

മൂന്ന് മീറ്റര്‍ ഉയരമുള്ള മതിലിനുള്ളിലാണ് ദാവൂദിന്റെ വീട്. ദാവൂദിനും കുടുംബത്തിനുമായി ഒരു മോസ്‌കും വീടിനോട് ചേര്‍ന്നുണ്ട്. പ്രദേശത്തേക്കുള്ള വഴികളിലെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. ശക്തമായ സുരക്ഷാ സംവിധാനവും പ്രദേശത്തുണ്ട്. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെതന്നെ നല്‍കിയെങ്കിലും അവയെല്ലാം പാകിസ്താന്‍ നിഷേധിച്ചിരുന്നു. വീഡിയോ കാണാം.

ധൈര്യമുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ; വെല്ലുവിളിച്ച് ഛോട്ടാ ഷക്കീല്‍

ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് ഛോട്ടാ ഷക്കീല്‍. ദാവൂദിന്റെ പാക്കിസ്ഥാനിലെ വീടിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമം പുറത്തു വിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്ത് വന്നത്.

നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാക്കിസ്ഥാനിലുണ്ടെങ്കില്‍ പോയി പിടികൂടണം. ദാവൂദ് മണ്ടനല്ല, അയാളെ പിടികൂടുക എളുപ്പമല്ല. കറാച്ചിയില്‍ നിരവധിപ്പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ട്. വീഡിയോയില്‍ പേരു പറയുന്നവര്‍ പരാമര്‍ശിക്കുന്നത് യഥാര്‍ഥ ദാവൂദ് ഇബ്രാഹിമിനെയല്ല എന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു. ദാവൂദ് പാക്കിസ്ഥാനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു.