ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ അധോലാക നായകന്‍ ദാവൂദ് ഇബ്രാഹിം ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഛോട്ടാ രാജന്റെ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി നീരജ് ബാവനയുടെ അനുയായില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്. മദ്യപിച്ച ശേഷം ഇയാള്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഛോട്ടാ രാജനെ അപായപ്പെടുത്താന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ബാവനയും തിഹാറില്‍ ജയിലിലാണ് ഉള്ളത്.

ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ ഡി കമ്പനി, നീരജ ബാവനയുടെ സംഘവുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഛോട്ടാ രാജനെ കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡി കമ്പനി.1993 ലെ മുംബൈ സ്‌ഫോടനത്തിനു പിന്നില്‍ ദാവൂദ് ആണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ദാവൂദും ഛോട്ടാ രാജനും തമ്മില്‍ ശത്രുതയിലാകുന്നത്.

പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ബാവനയെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ബാവനയുടെ സെല്ലില്‍നിന്ന് സെല്‍ഫോണുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. തിഹാറിലെ ജയില്‍ നമ്പര്‍ രണ്ടിലാണ് ഛോട്ടാ രാജനെ പാര്‍പ്പിച്ചിട്ടുള്ളത്. മറ്റൊരു ഏകാന്ത വാര്‍ഡിലാണ് ബാവനയെ താമസിപ്പിച്ചിരിക്കുന്നത്.

അതേസമയം ദാവൂദിന്റെയോ ബാവനയുടെ അനുയായികള്‍ക്കോ ചോട്ടാരാജനെ അപായപ്പെടുത്തുക അസാധ്യമാണെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രത്യേക ഏകാന്ത വാര്‍ഡിലാണ് ഛോട്ടാ രാജന്റെ താമസം. ഇയാള്‍ക്ക് പ്രത്യേക സുരക്ഷാ ഗാര്‍ഡുകളും സുരക്ഷയെ മുന്‍നിര്‍ത്തി പ്രത്യേകം ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.