ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.  പ്രാകൃതമായ രീതിയില്‍ ഡാനിഷിനെ അതിക്രൂരമായി താലിബാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. ഡാനിഷിന്റെ മുഖത്തും, നെഞ്ചിലും വാഹനം കയറ്റിയിറക്കിയ ടയറിന്റെ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ ഡസന്‍കണക്കിന് ബുള്ളറ്റുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെപ്പിനിടയില്‍ കൊല്ലപ്പെട്ടതല്ലെന്നും ഡാനിഷിനെ താലിബാന്‍ തിരഞ്ഞ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോയത്. അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാന്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ഈ യാത്ര. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോകുന്നതിനിടെ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സൈന്യത്തിന്റെ സംഘം കൂട്ടംതെറ്റി. ഡാനിഷ് ഇന്ത്യക്കാരനായതിനാലാണ് താലിബാന്റെ ആക്രമണം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കമാന്‍ഡറും കുറച്ചു സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാന്‍ സൈനികരും വേറൊരിടത്തും.  ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു വെടിയുണ്ട ഏറ്റു. തുടര്‍ന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു പള്ളിയിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് പള്ളിയിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ, താലിബാന്‍ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാന്‍ പള്ളി ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായെന്ന് അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ എക്‌സാമിനറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: danish siddique was killed brutally by Taliban claims reports