പ്രതീകാത്മകചിത്രം
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി ശരിവെച്ചുള്ള സുപ്രീം കോടതി വിധി 'ആപത്കര'മെന്ന് പ്രതിപക്ഷകക്ഷികള്‍. പതിനേഴോളം പ്രതിപക്ഷകക്ഷികളുടെ പ്രതിനിധികള്‍ ഒപ്പുവെച്ച പ്രസ്താവനയിലാണ് സുപ്രീം കോടതിയുടെ തീരുമാനത്തെ ഏറെ അപകടരമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അപകടകരമായ ഈ വിധി അധികകാലം നിലനില്‍ക്കില്ലെന്നും ഭരണഘടനാവ്യവസ്ഥകള്‍ നിയമത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷകക്ഷികളുടെ പ്രസ്താവനയില്‍ പറയുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഐ(എം), സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങി പതിനേഴോളം പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ഇഡിയ്ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട 250 ഓളം ഹര്‍ജികള്‍ നിരാകരിച്ചാണ് പിഎംഎല്‍എ നിയമത്തില്‍ വരുത്തിയ ഭേദഗതി സുപ്രീം കോടതി ജൂലായ് 27 ന് ശരിവെച്ചത്. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉള്‍പ്പെടെയുള്ളവ ഇഡിയ്ക്ക് അനുവദിച്ചു നല്‍കുന്നത് ദുരുപയോഗപ്പെടുത്താനിടയുണ്ടെന്ന വാദങ്ങള്‍ കോടതി തള്ളിയിരുന്നു. വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്ന് ചില പ്രതിപക്ഷ കക്ഷികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇ.ഡിയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാക്കാനിടയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഇത്തരമൊരു ഉത്തരവ് വന്നതില്‍ കടുത്ത നിരാശയുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇ.ഡി പരിശോധനകള്‍ മുന്‍ സര്‍ക്കാര്‍ കാലത്തെ അപേക്ഷിച്ച് 26 മടങ്ങ് വര്‍ധിച്ചുവെങ്കിലും ശിക്ഷാനടപടിനിരക്ക് താരതമ്യേന കുറവാണ്. 3,010 കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ നടന്നെങ്കിലും 23 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ധനമന്ത്രി രാജ്യസഭയില്‍ നല്കിയ കണക്കുകള്‍ പറയുന്നു. 112 കേസുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്തിയിരുന്നില്ല.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാനഘടകങ്ങളെ മാത്രമല്ല കള്ളപ്പണം വെളുപ്പിക്കല്‍ ബാധിക്കുന്നത്, മറിച്ച് ഭീകരവാദം, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു. അറസ്റ്റ്, കണ്ടുകെട്ടല്‍, പരിശോധന നടത്തി പിടിച്ചെടുക്കല്‍ എന്നിവയ്ക്കുള്ള ഇ.ഡിയുടെ അധികാരത്തില്‍ ഏകപക്ഷീയത നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അതേസമയം പിഎംഎല്‍എ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റില്‍ ധനബില്ലായി അവതരിപ്പിച്ചത് ശരിയാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഏഴംഗബെഞ്ച് പരിശോധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..