ന്യൂഡൽഹി: ഡൽഹി കന്റോൺമെന്റ് മേഖലയിൽ ഞായറാഴ്ച ഒമ്പത് വയസ്സുളള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ. രാജ്യത്തിന്റെ മകൾ എന്നാണ് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി പെൺകുട്ടിയെ വിശേഷിപ്പിച്ചത്. നാളെ പെൺകുട്ടിയുടെ ദുഃഖാർത്തരായ കുടുംബത്തെ സന്ദർശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നീതിക്ക് വേണ്ടിയുളള പെൺകുട്ടിയുടെ കുടുംബത്തിന്റെ പോരാട്ടത്തിന് എല്ലാസഹായങ്ങളും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

'ഡൽഹിയിൽ ഒമ്പതുകാരി കൊല്ലപ്പെട്ടത് അങ്ങേയറ്റം ലജ്ജാകരമാണ്. നഗരത്തിലെ ക്രമസമാധാന നില ശക്തിപ്പെടുത്തേണ്ടതുണ്ട്. എത്രയുംവേഗം പ്രതികൾക്ക് വധശിക്ഷ ലഭിക്കണം' അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ദളിതന്റെ കുഞ്ഞും രാജ്യത്തിന്റെ മകളാണ് എന്നാണ് സംഭവത്തെ കുറിച്ചുളള പത്രവാർത്ത പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ഒളിമ്പിക്സിലെ പ്രകടനത്തിന് ഇന്ത്യൻ വനിതകളെ സാമൂഹിക മാധ്യമങ്ങൾ വാഴ്ത്തുന്നതിനിടയിലാണ് ദാരുണമായി കൊലചെയ്യപ്പെട്ട ഒമ്പതുകാരിയെ മറക്കരുതെന്ന ഓർമപ്പെടുത്തലുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ഡൽഹി കന്റോൺമെന്റ് പ്രദേശത്ത് മാതാപിതാക്കൾക്കൊപ്പമാണ് സാമ്പത്തികമായ പിന്നാക്കാവസ്ഥയിലുളള കുടുംബാംഗമായ പെൺകുട്ടി താമസിച്ചിരുന്നത്. കൂളറിൽ നിന്ന് കുടിവെളളമെടുക്കുന്നതിനായാണ് ഓഗസ്റ്റ് ഒന്നിന് പെൺകുട്ടി താമസിക്കുന്നതിന് സമീപമുളള ശ്മശാനത്തിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല.

വൈകീട്ട് ആറരയോടെയാണ് പെൺകുട്ടി മരണപ്പെട്ട വിവരം അമ്മ അറിയുന്നത്. ശ്മശാനത്തിലെ പൂജാരിയെ അറിയുന്ന ചിലരാണ് പെൺകുട്ടിയുടെ അമ്മയെ വിളിച്ച് മൃതദേഹം കാണിക്കുന്നത്. വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് അവർ അമ്മയെ അറിയിച്ചത്.

പോലീസിനെ അറിയിച്ചാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്നും അവയവങ്ങൾ മോഷ്ടിക്കപ്പെട്ടേക്കുമെന്നും പുരോഹിതനും സംഘവും പെൺകുട്ടിയുടെ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് കുട്ടിയെ മറവുചെയ്യുന്നതിനായി കുടുംബത്തെ സമ്മതിപ്പിച്ചെങ്കിലും കുട്ടിയുടെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബലാത്സംഗം നടന്നതുൾപ്പടെയുളള കാര്യങ്ങൾ പുറത്തുവന്നത്.

Content Highlights:Dalits Child is also Nations Daughter Too tweets Rahul Gandhi