കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് കാണ്‍പുര്‍ ദേഹത് പോലീസ് സൂപ്രണ്ട് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

22 കാരി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീടിനുള്ളില്‍ കടന്നുകയറിയാണ് രണ്ടുപേര്‍ അവരെ കൂട്ടബലാത്സംഗം ചെയ്തതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം ഇരുവരും അവിടെനിന്ന് പോയി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. 

ഒളിവില്‍പോയ പ്രതികളെ പിടിക്കാന്‍ എ.എസ്.പിയുടെയും സര്‍ക്കിള്‍ ഓഫീസറുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഹാഥ്‌റസ് സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് വീണ്ടും അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

Content Highlights: Dalit woman gang raped at gunpoint in UP