ചെന്നൈ: തമിഴ്നാട്ടിലെ കുഡല്ലൂരില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന് നേരിടേണ്ടിവന്നത് കടുത്ത ജാതിവിവേചനം. തെര്‍ക്കുതിട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിക്കാണ് വിവേചനം നേരിടേണ്ടി വന്നത്. പഞ്ചായത്ത് യോഗത്തില്‍ മറ്റുള്ളവര്‍ കസേരയിലിരുന്നപ്പോള്‍ പ്രസിഡന്റിനെ തറയില്‍ ഇരുത്തി. 

വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തന്നോട് നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളായതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും അവര്‍ ആരോപിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്റ് സമ്മതിച്ചില്ലെന്നും രാജേശ്വരി ആരോപിച്ചു. 

'പഞ്ചായത്ത് യോഗം നടക്കുമ്പോഴെല്ലാം തറയിലാണ് ഇരുത്തിയത്. മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചില്ല'.- അവര്‍ പറഞ്ഞു. 

ജനുവരിയിലാണ് രാജേശ്വരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തെര്‍ക്കുതിട്ടെ പഞ്ചായത്തില്‍ ആകെയുള്ള 500 കുടുംബങ്ങളില്‍ 100 കുടുംബങ്ങളാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. 

സംഭവം വിവാദമായതോടെ വൈസ് പ്രസിന്റ് മോഹന്‍ രാജനെതിരേ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയേയും സസ്‌പെന്റ് ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് വൈസ് പ്രസിഡന്റ് മോഹന്‍ രാജന്‍ രംഗത്തെത്തി. രാജേശ്വരി സ്വന്തം ഇഷ്ടപ്രകാരമാണ് നിലത്തിരുന്നതെന്നാണ് മോഹന്‍ രാജന്‍ പറഞ്ഞത്. 

Content Highlights: Dalit panchayat president made to sit on floor in Tamil Nadu's Cuddalore