ഹാഥ്റസിലെ പെണ്‍കുട്ടിയെ നമുക്ക് രണ്ടാം നിര്‍ഭയയെന്ന് വിളിക്കാം. അറുത്തെടുക്കാന്‍ ശ്രമിച്ച നാവു കൊണ്ടുതന്നെ തനിക്കെതിരെ ഉണ്ടായ നീതിനിഷേധത്തിനെതിരെ സംസാരിച്ചവള്‍. ഈ ദുര്‍വിധിക്ക് വഴിവെച്ച ഒരേയൊരു കാരണം ജാതി. നിര്‍ഭയ കേസിലെതുപോലെ സ്ത്രീ സുരക്ഷയെക്കുറിച്ചോ സദാചാര പുരുഷ വൈകൃത മനോനിലയെക്കുറിച്ചോ ഹാഥ്റസിലെത്തുമ്പോള് സംസാരിക്കേണ്ടി വരുന്നില്ല. കാരണം, ഇവിടെ ബലാത്സംഗമെന്നത് കാലങ്ങളായി ജാതീയമായി അടിച്ചമര്‍ത്താനുള്ള ഒരു ആയുധം മാത്രമാണ്.
ഹാഥ്റസിലെ പെണ്‍കുട്ടിയും അതിന്റെ ഇര. ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിന് ഇരയാകുന്നവരില്‍ 95 ശതമാനവും ദളിത് പെണ്‍കുട്ടികളാണ്. പുറത്തു വരുന്ന, വരാത്ത പീഡനങ്ങളില്‍ പ്രതികള്‍ അധികവും സവര്‍ണരും. ഹാഥ്റസ് സംഭവത്തില്‍ രാജ്യം നടുങ്ങിയപ്പോഴും ഉത്തര്‍ പ്രദേശിന് യാതൊരു കുലുക്കവും സംഭവിച്ചില്ല, കാരണം അത് ഇന്ത്യയുടെ റേപ്പ് ക്യാപിറ്റല്‍ ആണ്.

ഭൂല്ഗഡി എന്ന ജാതിസ്ഥാന്
ഉത്തര്‍ പ്രദേശിലെ അതിപിന്നാക്ക ഗ്രാമങ്ങളുടെ പരിച്ഛേദമാണ് ഭൂല്ഗുഡി ഗ്രാമം. എല്ലാവരാലും എളുപ്പത്തില്‍ മറന്നു പോയേക്കാവുന്ന ഒരിടം. പതിനഞ്ച് ബ്രാഹ്മണ കുടുംബങ്ങളും നൂറ് താക്കൂര്‍ കുടുംബങ്ങളും, അരികുപറ്റി പെണ്‍കുട്ടിയുടേതടക്കം നാല് ദളിത് വല്മികി വീടുകള്‍. ഹിന്ദുസ്ഥാനില്‍ ഇതു പോലെ ഒരു പാട് ജാതിസ്ഥാനുകളുണ്ട്. സവര്‍ണ ഭൂരിപക്ഷ പ്രദേശങ്ങളിലെ അഴക്കുമൂലകള്. മറ്റുള്ളവരുടെ അഴുക്കു പേറി ജീവിതം നിറം കെട്ട് പോകുന്നവര്‍. കൂലിയില്ലാതെ ഗ്രാമത്തിന്റെ മുഴുവന്‍ അഴുക്ക് പേറാന്‍ വിധിക്കപ്പെട്ടവര്‍.
സവര്‍ണ അധികാരവും രാഷ്ട്രീയ പ്രതിനിധ്യവും ഭൂരിപക്ഷത്തിന് മേല്‍ കുന്നുകൂടുമ്പോള്‍ ദളിത് ജീവിതങ്ങള്‍ തീര്‍ത്തും ദുസ്സഹമാകുന്നു. കേരളത്തെ ഒരു നൂറ്റാണ്ട് പിറകിലേക്ക് വലിച്ചാല്‍ ഭൂല്ഗുഡിയില് എത്താം. സര്‍വാണി സദ്യയുടെയും തൊട്ടുകൂടായ്മയുടെയും മൂര്ത്തീരൂപങ്ങള് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവിടെ പതിവുകാഴ്ച. ഉന്നത ജാതിക്കാരുടെ കച്ചവട സ്ഥാപനങ്ങളില്‍ ദളിതുകള്‍ അനുഭവിക്കുന്നത് കൊടിയ വിവേചനം. തീണ്ടാപ്പാട് അകലെനിന്നു വേണം പൊതുയിടങ്ങളിലെ ഇടപാടുകള്‍.

ദളിത് ജന്മം ഒരു കുറ്റമാകുമ്പോള്‍
നൂറ്റാണ്ടുകള്ക്കപ്പുറമായി തുടരുന്ന ജാതിവെറിയുടെ കഥകള്‍ കേട്ടാണ് ഇവിടെ തലമുറകള്‍ വളരുന്നത്. ഓരോ തലമുറയ്ക്കും പറയാനുണ്ടാകും ജാതിയുടെ ചൂളയില്‍ പൊള്ളിയ ഓര്‍മകള്‍. പെണ്‍കുട്ടിയുടേത് ഒടുവിലേത് മാത്രം.
വാല്മീക വീടുകളിലെ ഇളമുറയില്പെട്ടവര്ക്കും ഉണ്ടായി മരണം മുന്നില്‍ കണ്ട നിമിഷം. ഒരു സവര്‍ണ കുട്ടിയുടെ ഭക്ഷണപ്പൊതിയില്‍ തൊട്ടുപോയെന്ന് ആരോപിച്ച് ഒരു താക്കൂര്‍ പടയാണ് പന്ത്രണ്ടുകാരനെ തല്ലാന്‍ എത്തിയത്. കരഞ്ഞു കാലു പിടിച്ചും പുതിയ ഭക്ഷണപ്പൊതി വാങ്ങാന്‍ ഇരട്ടി പണം നല്‍കിയുമാണ് ദളിത് ബാലന്റെ അമ്മൂമ്മ അവനെ മരണത്തില്‍നിന്നു രക്ഷിച്ചെടുത്തത്.
സവര്‍ണ കുടുംബങ്ങളില്‍ ആഘോഷം നടക്കുമ്പോള്‍ ബാക്കിയാകുന്ന ഭക്ഷണം കഴിക്കാന്‍ വാല്മീകി സമുദായക്കാര്‍ എത്തണം. ദൂരെ മാറി, വെറും നിലത്ത് ഭക്ഷണം വലിച്ചെറിഞ്ഞാണ് നല്‍കുക. വൃത്തിഹീനമായ മണ്ണില്‍ ഭക്ഷണം വീണാലും തിന്നാതെ മടങ്ങാന്‍ ഇവര്‍ക്ക് അവകാശമില്ല. സ്വന്തം വീട്ടിലെ ആഘോഷങ്ങള്‍ക്ക് സവര്‍ണരുടെ അനുമതി വാങ്ങേണ്ട ഗതികേടും ഇവര്‍ക്കുണ്ട്.
'താക്കൂര്‍മാര്‍ക്കും ബ്രാഹ്മണര്ക്കുമെതിരെ ശബ്ദമുയര്‍ത്തരുത്. ഉയര്‍ത്തിയാല്‍ പിന്നെ ജീവിതം ദുസ്സഹമാണ്.' വീട്ടമ്മ പറയുന്നു. മക്കളുടെ എല്ലാം സഹിച്ചാണ് ഈ അമ്മമാരുടെ ജീവിതം. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഭൂല്ഗുഡിയിലെ സൈ്വര്യജീവിതത്തിന് നല്ലതെന്ന് പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ട സന്തോഷ് കുമാര്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ദളിതര്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. സവര്‍ണര്‍ കണ്ടാല്‍ വളഞ്ഞിട്ട് ആക്രമിക്കും.

അനാഥമാക്കപ്പെട്ട അവള്
പതിവുസായാഹ്നത്തില് ഒന്നില്‍ അമ്മയ്ക്കൊപ്പം പുല്ലറക്കാന്‍ പോയ പത്തൊമ്പതുകാരി പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ചാണകം മെഴുകിയ മുറ്റത്ത് അവളുടെ കാല്പാട് ഇപ്പോഴും മായാതെ കിടക്കുന്നു. ഇതാദ്യമല്ല അവള്‍ക്ക് നേരെ അക്രമികളുടെ കണ്ണെത്തുന്നത്. മുന്‍പ് രണ്ടു തവണയും പീഡനശ്രമങ്ങളില്നിന്ന് രക്ഷപ്പെട്ടതാണ്. പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് കേസിലെ പ്രധാന പ്രതിയായ താക്കൂര്‍ പയ്യന്റെ ശല്യം മൂലമാണ്.
പെണ്‍കുട്ടിയുടെ കുടുംബവും താക്കൂര്‍മാരും തമ്മില്‍ കടുത്ത ശത്രുതയില്‍ ആയിരുന്നു. 2001-ല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് നേരെ വധശ്രമം ഉണ്ടായി. കേസില്‍ മുപ്പത് ദിവസം രണ്ടു താക്കൂര്‍മാര്‍ ജയിലില്‍ കിടന്നു. ആ പക ഒടുങ്ങിയത് മൂന്നാം തലമുറയില്‍. എന്നാല്‍ താക്കൂര്‍മാര്‍ പ്രചരിപ്പിക്കുന്നത് മറ്റൊരു കഥ. കേസിലെ ഒന്നാം പ്രതി സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പ്രണയവിവരം വീട്ടില്‍ അറിഞ്ഞതോടെ സഹോദരനും അമ്മയും ചേര്‍ന്ന് പെന്‍കുട്ടിയെ മര്‍ദ്ദിച്ചു. വീട്ടില്‍നിന്ന് ഓടിപ്പോയ പെണ് കൂട്ടിയെ പിന്നീട് കണ്ടത് പരുക്കേറ്റ നിലയില്‍. അവശയായ കാമുകിയെ സഹയിക്കുക ആയിരുന്നു സന്ദീപ്. സംഭവത്തിന്റെ മറവില്‍ ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ആണ് വാല്മീകികള് ശ്രമിക്കുന്നത്. ഇതിന് അവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളേയും കൂട്ടു പിടിക്കുന്നു.
ഭൂല്ഗഡില് എവിടെയും, എന്തിലും ഏതിലും ജാതിയാണ്. പെണ്‍ശരീരത്തിനു മാത്രം അത് ബാധകമല്ല. അവള് തൊട്ടതെല്ലാം അശുദ്ധമാകുമ്പോഴും അവര്‍ക്ക് അവളുടെ ഉടല് തൊട്ടുകൂടായ്മ പരിധിയില്‍ വരുന്നില്ല. ഇപ്പോഴത്തെ മാധ്യമശ്രദ്ധ ഇല്ലാതായാല്‍, സവര്‍ണ അധികാര ഭൂരിപക്ഷത്തിന്റെ അരികില്‍ ഭയത്തിന്റെ പുതപ്പിനുള്ളില്‍ ജീവിതം കഴിച്ചു കൂട്ടേണ്ടത് ഈ ദളിത് കുടുംബങ്ങള്‍ ആണ്. അപ്പോഴും ചോദ്യങ്ങള്‍ ഏറെ ബാക്കിയുണ്ട്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ? ഇത്രമേല്‍ രഹസ്യമായി മൃതദേഹം സാംസ്കരിക്കാന്‍ യോഗിയുടെ പോലീസിനെ പ്രേരിപ്പിച്ചത് എന്താണ്? വരും കാലത്തെങ്കിലും ആ കുടുംബം സുരക്ഷിതമായിരിക്കുമോ?
Content Highlights: Dalit lives of Hathras