സമീർ വാംഖഡേ| Photo: Mathrubhumi Library
മുംബൈ: നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേയ്ക്കെതിരേ പരാതി നല്കി രണ്ട് ദളിത് സംഘടനകള്‍. തെറ്റായ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് വാംഖഡേ സര്‍ക്കാര്‍ ജോലി നേടിയതെന്നാണ് പരാതിയിൽ പറയുന്നത്.
സ്വാഭിമാനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഭീം ആര്‍മി എന്നീ സംഘടനകളാണ് പരാതി നല്‍കിയത്. എസ്.സി. വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് കാണിക്കുന്ന വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ജോലി ലഭിക്കാനായി വാംഖഡേ സമര്‍പ്പിച്ചെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിച്ചു.
കുറച്ചു ദിവസം മുന്‍പ് മഹാരാഷ്ട്രാമന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്കും വാംഖഡേയ്ക്ക് എതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. വാംഖഡേയുടെ മതത്തെ കുറിച്ചല്ല താന്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഐ.ആര്.എസ്. ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കാണിച്ച തട്ടിപ്പുകളിലേക്ക് വെളിച്ചം വീശാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അന്ന് മാലിക് പറഞ്ഞത്. വാംഖഡേ അങ്ങനെ ചെയ്തതിലൂടെ എസ്.സി. വിഭാഗത്തില്‍പ്പെട്ട, അര്‍ഹരായ ഒരാളുടെ അവസരം നിഷേധിച്ചുവെന്നും മാലിക് ആരോപിച്ചിരുന്നു.
വാംഖഡേയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പിന്നീട് ട്വിറ്ററിലൂടെ നവാബ് മാലിക്ക് പങ്കുവെച്ചിരുന്നു. മുസ്ലിമായി ജനിച്ച വാംഖഡേയ്ക്ക് എസ്.സി. വിഭാഗത്തിലൂടെ ഐ.ആര്.എസില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതിലൂടെ മാലിക് ഉയര്‍ത്തിയ വാദം. വാംഖഡേയുടെ പിതാവ് ദളിത് കുടുംബത്തില്‍ ജനിച്ചയാളാണെന്നും മുസ്ലിം വനിതയെ വിവാഹം കഴിക്കാന്‍ ആ മതത്തിലേക്ക് ചേരുകയും ദാവൂദ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു എന്നാണ് മാലിക് പറയുന്നത്.
content highlights: dalit groups files complaint against sameer wankhede alleges latter used false caste certificate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..